Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Samuel 4
4 / 31
1
ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
2
ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരംപേരെ അവർ പോൎക്കളത്തിൽ വെച്ചു സംഹരിച്ചു.
3
പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
4
അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
5
യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആൎപ്പിട്ടു.
6
ഫെലിസ്ത്യർ ആൎപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആൎപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
7
ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാൎയ്യം ഇതുവരെ ഉണ്ടായിട്ടില്ല.
8
നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
9
ഫെലിസ്ത്യരേ, ധൈൎയ്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവൎക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു.
10
അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
11
ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടു പോയി.
12
പോൎക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു.
13
അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
14
ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
15
ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
16
ആ മനുഷ്യൻ ഏലിയോടു: ഞാൻ പോൎക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോൎക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വൎത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
17
അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
18
അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
19
എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാൎയ്യ പ്രസവം അടുത്ത ഗൎഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭൎത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു.
20
അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
21
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭൎത്താവിനെയും ഓൎത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
22
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books